Latest Updates

ബംഗളൂരു: ഐപിഎല്‍ കിരീടനേട്ടത്തിന്റെ വിജയാഹ്ളാദ റാലിക്കിടെ ബംഗളൂരുവിലുണ്ടായ ദുരന്തത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (ആര്‍സിബി) കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍സിബിയെ കുറ്റപ്പെടുത്തുന്നത്. പൊലീസുമായി ആലോചിക്കുകയോ, അനുമതി തേടുകയോ ചെയ്യാതെ ആര്‍സിബി ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് ഏകപക്ഷീയമായി ആളുകളെ ക്ഷണിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഇരച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ നാലിനാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിക്ടറി പരേഡ് സംഘടിപ്പിച്ചത്. എന്നാല്‍ ജൂണ്‍ മൂന്നിനാണ് സംഘാടകരായ ആര്‍സിബി മാനേജ്‌മെന്റ് പരിപാടിയെക്കുറിച്ച് പൊലീസിനെ വിവരം അറിയിക്കുന്നത്. അതിനാല്‍ തന്നെ പൊലീസിന് വേണ്ട രീതിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചിരുന്നില്ല. വിജയാഹ്ലാദ റാലി നടത്തുന്നതില്‍ ആര്‍സിബി മാനേജ്‌മെന്റ് പൊലീസില്‍ നിന്നും അനുമതി തേടിയിരുന്നില്ല. നിയമപ്രകാരം അനുമതി തേടാന്‍ ഏഴു ദിവസം മുമ്പേ അപേക്ഷ നല്‍കേണ്ടതാണ്. പരിപാടിക്ക് അനുമതി തേടി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും സമര്‍പ്പിച്ചിരുന്നില്ല. പരിപാടിക്ക് എത്തുന്നവരുടെ എണ്ണത്തെക്കുറിച്ചോ, പരിപാടിയുടെ രീതിയേക്കുറിച്ചോ അറിവില്ലാത്തതിനാല്‍ കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നുമില്ല. പൊലീസുമായി കൂടിയാലോചിക്കാതെയാണ് പരിപാടിയിലേക്ക് ജനങ്ങളെ ആര്‍സിബി മാനേജ്‌മെന്റ് ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ആളുകള്‍ക്ക് സൗജന്യ പ്രവേശനം ഉണ്ടെന്നും വിധാന്‍ സൗധയില്‍ ആരംഭിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന വിക്ടറി പരേഡില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നുവെന്നും' രാവിലെ ആര്‍സിബി സമൂഹമാധ്യമത്തില്‍ കുറിച്ചു. കൂടാതെ, ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വീഡിയോ അഭ്യര്‍ത്ഥനയും ജനം ഇരച്ചുകയറാന്‍ ഇടയാക്കി. ബംഗളൂരു നഗരത്തിലെ ജനങ്ങളോടും ആര്‍സിബി ആരാധകരോടും ഒപ്പം ഈ കിരീട വിജയം ആഘോഷിക്കാന്‍ ടീം ഉദ്ദേശിക്കുന്നുവെന്നാണ് വിരാട് കോഹ് ലി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസ് അനുമതിയില്ലാതിരുന്നിട്ടും പരാപാടിയുമായി ആര്‍സിബി മുന്നോട്ടുപോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസും ആര്‍സിബി മാനേജ്‌മെന്റും പ്രതീക്ഷിക്കാത്ത തരത്തില്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനായി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുകായയിരുന്നു. ഏതാണ്ട് മൂന്നുലക്ഷത്തിലേറെ പേരാണ് എത്തിയത്. ഇതോടെ പൊലീസിന് ഒരു തരത്തിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും, ഇതില്‍ എന്തു രഹസ്യാത്മകതയാണ് ഉള്ളതെന്ന് ചോദിച്ച ഹൈക്കോടതി, സര്‍ക്കാരിന്റെ ആവശ്യം തള്ളുകയായിരുന്നു.

Get Newsletter

Advertisement

PREVIOUS Choice